മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി: നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

 

 

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി വിഭാ​ഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.

എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാ‍ർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാ‍ർ​ഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യ‍ജ്ഞം നടത്തിയത്. ഇതിനെതിരെയാണ് പരാതി.