മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി; പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാരും 6 എംപിമാരും മാത്രം
Jun 3, 2026, 09:48 IST
പശ്ചിമബംഗാളിൽ മമത ബാനർജിക്ക് വീണ്ടും കനത്ത തിരിച്ചടി. മമത നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത് 8 എംഎൽമാർ മാത്രമാണ്. ഭൂരിപക്ഷം എംപിമാരും വിട്ടുനിന്നു. പാർട്ടിക്ക് ആകെയുള്ളത് 80 എംഎൽഎമാരാണ്. ലോക്സഭയിലും രാജ്യസഭയിലുമായി പാർട്ടിക്കുള്ളത് 42 എംപിമാരും. പ്രതിഷേധത്തിൽ പങ്കെടുത്തത് 6 എംപിമാർ മാത്രമാണ്.
തൃണമൂൽ പിളർപ്പിലേക്കെന്ന സൂചന ശക്തമാകുകയാണ്. നിയമസഭ കക്ഷിയോഗം വിളിക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നിർദേശം മമത ബാനർജി തള്ളി. അതേസമയം, ബംഗാളിലെ വിമത എംഎൽഎമാർ നീക്കം കടുപ്പിക്കുകയാണ്. ഭൂരിപക്ഷം അവകാശപ്പെട്ട് സ്പീക്കറെ ഉടൻ കണ്ടേക്കും. യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നർത്ഥം വരുന്ന പ്രകൃത തൃണമൂൽ കോൺഗ്രസ് എന്ന പേരും പരിഗണനയിലുണ്ട്. എംഎൽഎമാർ ഇന്ന് യോഗം ചേരുമെന്നാണ് സൂചന. തൃണമൂലിലേത് ആഭ്യന്തര പ്രശ്‌നമെന്നും ഇടപെടാനില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.