മെഡിസെപ്: ആശുപത്രി പട്ടികയില്‍ ഇല്ലെങ്കിലും രോഗിക്ക് ഇന്‍ഷുറന്‍സ് നിഷേധിക്കരുതെന്ന് ഹൈക്കോടതി

 

 

മെഡിസെപ് പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രിയില്‍ ചികിത്സ തേടിയെന്ന കാരണത്താല്‍ മാത്രം ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാനാകില്ലെന്ന് ഹൈക്കോടതി. ചികിത്സയുടെ സ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യം നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി. പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ബിഎസ് അനില്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

അര്‍ബുദ ബാധിതനായ അനില്‍കുമാറിന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പൊലീസ് വകുപ്പില്‍നിന്ന് മുന്‍കൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ ചികിത്സയ്ക്ക് ചെലവായി. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് മതിയായ സൗകര്യമില്ലാത്തതിനാല്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. എന്നാല്‍, ഈ ആശുപത്രി മെഡിസെപ് ഇന്‍ഷുറന്‍സില്‍ എംപാനല്‍ ചെയ്തതല്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ ക്ലെയിം അപേക്ഷ തള്ളി. വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അര്‍ഹമായ ആനുകൂല്യം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തടയുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ മികച്ച ചികിത്സ തേടേണ്ടിവരുമ്പോള്‍, ആശുപത്രി ഇന്‍ഷുറന്‍സ് പാനലില്‍ ഉണ്ടോ എന്നത് മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി വ്യക്തമാക്കി. എംപാനല്‍ ചെയ്ത ആശുപത്രിയില്‍ സൗകര്യമില്ലാതിരുന്നതുകൊണ്ട് ശസ്ത്രക്രിയക്കടക്കം വിദഗ്ധസൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് പോകേണ്ടിവന്നതടക്കമുള്ള സാഹചര്യം ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിരുന്നു. എംപാനല്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അപേക്ഷ തള്ളാനാകില്ല. ജില്ലാ പരാതി പരിഹാര സമിതി അപേക്ഷ പുനഃപരിശോധിക്കണം. ഹാജരാക്കിയ ബില്ലുകളുടെ വിശ്വസനീയതയും ചികിത്സയുടെ നിജസ്ഥിതിയും പരിഗണിച്ച്, അര്‍ഹമായ തുക നല്‍കുന്നതില്‍ അനുകൂല തീരുമാനമെടുക്കണം. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍, അര്‍ഹമായ തുക ഒരു മാസത്തിനകം അവുവദിക്കണമെന്നും അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.