മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ സംഭവം; കോൺഗ്രസിൻ്റെ ഹർജി നാളെ പരിഗണിക്കും
മധ്യപ്രദേശിൽ രാജ്യസഭ സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളിയതിനെതിരായ കോൺഗ്രസിന്‍റെ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. അതുവരെ ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹർജി നിലനില്‍ക്കുന്നതാണോ എന്ന ചോദ്യം കോടതി ഉയർത്തി. കോൺഗ്രസ് നല്‍കിയ നിവേദനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. കോൺഗ്രസ് നേതാവിനെതിരെ സംസ്ഥാനത്തിൻ്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ നടപടിയെടുത്തില്ല എന്നാണ് പരാതിയിൽ ഉണ്ടായിരുന്നത്. കോടതിയിൽ മീനാക്ഷി നടരാജനെതിരെ നോട്ടീസ് അയച്ചെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ നാമനിർദ്ദേശപത്രികയിൽ ഇക്കാര്യം രേഖപ്പെടുത്തേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്. ഇന്ന് അവധിക്കാല ബെഞ്ചിന് മുമ്പാകെ മനു അഭിഷേക് സിംഗ്വി വിഷയം പരാമർശിച്ചു.