അൽഗോരിതത്തിലെ പിഴവുകൾ സമ്മതിച്ച് മെറ്റ

 

 

അൽഗോരിതത്തിലെ പിഴവുകൾ ഇന്ത്യൻ അധികൃതരുമായി നടത്തിയ ചർച്ചയ്ക്കിടെ സോഷ്യൽ മീഡിയ ഭീമനായ മെറ്റ തുറന്ന് സമ്മതിച്ചതായി റിപ്പോർട്ടുകൾ.ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കിടെയാണ് മെറ്റ ഇക്കാര്യം സമ്മതിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണിത്.മെറ്റയുടെ അൽഗോരിതങ്ങളും പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സാങ്കേതിക സംവിധാനങ്ങളുമാണ് കൂടിക്കാഴ്ചയ്ക്കിടെ ചർച്ചാ വിഷയമായത്. എല്ലാ ആശങ്കകളും വ്യക്തമാക്കാനും അവ പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി സമർപ്പിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. മെറ്റയുടെ ആഗോള സാങ്കേതിക സംഘം കൂടുതൽ ചർച്ചകൾക്കായി ഇന്ത്യയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടിൽ പറയുന്നു. വരും ദിവസങ്ങളിൽ ഐടി സെക്രട്ടറിയുടെ നേതൃത്വത്തിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമം ഇരുഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു.