പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ജാഗ്രത പാലിക്കാൻ മെറ്റ
പ്രധാനമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ പോസ്റ്റ് നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ ജാഗ്രത പാലിക്കുമെന്ന് അറിയിച്ച് കേന്ദ്ര സർക്കാരിന് മെറ്റ കത്തയച്ചു. എഐ ഓട്ടോമേറ്റഡ് ഫിൽറ്ററുകൾക്ക് സംഭവിച്ച സാങ്കേതിക തകരാറാണ് വീഡിയോ നീക്കാൻ കാര്യമെന്നാണ് മെറ്റയുടെ വിശദീകരണം. എന്നാൽ മെറ്റയുടെ ഈ വാദം കേന്ദ്ര ഐടി മന്ത്രാലയം പൂർണ്ണമായും തള്ളി. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷയും കർശന മേൽനോട്ടവും ഉറപ്പാക്കുമെന്നും, കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനകൾ ഇത്തരം അക്കൗണ്ടുകളിൽ ഇനിമുതൽ ഉണ്ടാകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനായി വരും ദിവസങ്ങളിൽ മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നേരിട്ട് ചർച്ചകൾ നടത്തും. പ്രമുഖരുടെ അക്കൗണ്ടുകളുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിൽ ഈ ഉന്നതതല ചർച്ചകൾ നിർണായകമാകും എന്നാണ് കരുതപ്പെടുന്നത്.