ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്
Jun 5, 2026, 13:17 IST
ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു.വേണമെങ്കിൽ ബെന്നി തോമസിനെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു. അങ്ങനെയൊരു കാപട്യത്തിന് താൻ തയ്യാറല്ല. വരുന്നവരോട് എല്ലാം തന്റെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടെ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്.