പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് എം.എം.മണി
May 19, 2026, 13:35 IST
മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം. മണി. സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. "സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം" എന്ന് മണി പരിഹസിച്ചു.ഗാന്ധിജിയെ കൊന്നവരുടെ കയ്യിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടിയെന്നും, അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐഎം കമ്മിറ്റികളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ ഉയർന്ന വിമർശനങ്ങളെ മണി തള്ളിപ്പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ യാതൊരു എതിർപ്പുമില്ലെന്നും വ്യക്തികളെ കേന്ദ്രീകരിച്ച് വിമർശനം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.