ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ് കാലത്ത്: പിണറായി വിജയൻ

 

 

മുഖ്യ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജൻ്റിനെ പോലെ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗ്യാനേഷ് കുമാർ ബോധപൂർവം കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി. സുപ്രീം കോടതി അംഗീകാരത്തോടെയാണ് എസ് ഐ ആർ കാര്യങ്ങൾ ചെയ്തതെന്ന തെരഞ്ഞെടുപ്പ് വാദം കള്ളമാണെന്ന് വ്യക്തമായി. ഗ്യാനേഷ് കുമാറിനെതിരായ നീക്കങ്ങൾ കേരളത്തിൽ നടത്തിയത് എൽഡിഎഫ് സർക്കാരെന്നും പിണറായി കൂട്ടിച്ചേർത്തു. വിഎസ് സർക്കാരിൻ്റെ കാലത്ത് വിജിലൻസ് അന്വേഷണവുമുണ്ടായി. എന്നാൽ അന്ന് എ.കെ ആൻ്റണിയുടെ കീഴിൽ പ്രതിരോധ വകുപ്പിലേക്ക് മാറിയാണ് ഗ്യാനേഷ് സംരക്ഷണം ഉറപ്പാക്കിയതെന്നും പിണറായി കൂട്ടിച്ചേർത്തു. കോഴിക്കോട്‌ സിപിഎം വിപുലീകൃത ജില്ലാ കമ്മറ്റിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് സിപിഎം തിരിച്ചുവരവ് നടത്തുന്നതിന്റെ സൂചനകളാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായതെന്ന് പിണറായി അഭിപ്രായപ്പെട്ടു. ജില്ലാകമ്മറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉൾപ്പെടെ 125 പേരാണ് വിപുലീകൃത കമ്മിറ്റിയിൽ പങ്കെടുക്കുന്നത്. കേന്ദ്രകമ്മറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, എളമരം കരീം, കെ കെ ശൈലജ തുടങ്ങിയവരും കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ട്. യോഗം നാളെ വൈകീട്ട്‌ സമാപിക്കും.