കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
കണ്ണൂരിൽ മത്സരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാതെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുത്. താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് എനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്.
തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന് തന്‍റെ കാലത്തുള്ള പട്ടികയിൽ പാലിച്ചിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സമുദായിക സമവാക്യങ്ങൾ പാലിക്കുന്ന പട്ടികയുമായാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകി. അതിൽ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.