നെടുമ്പാശേരി വാഹനാപകടം: പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ട്, നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് ഗോപികയുടെ അച്ഛന്‍

 

 

നെടുമ്പാശ്ശേരി മൂന്നുപേരുടെ മരണത്തിനിടയാക്കി മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കള്‍. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈല്‍ സജീവിനെ ജുവനൈല്‍ ഹോമിലേക്കാണ് അയച്ചത്. അതുകൊണ്ടുതന്നെ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് ഗോപികയുടെ അച്ഛന്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പറഞ്ഞു.പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ട്. മുകളില്‍ നിന്നും അവര്‍ക്ക് സമ്മര്‍ദ്ദം നേരിടുന്നു എന്നു പറയപ്പെടുന്നുണ്ട്. അതൊക്കെ നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് കരുതുന്നത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെടുന്ന ആളുകളാണ് പ്രതിയും പ്രതിയുടെ കുടുംബവും എന്നാണ് താന്‍ മനസ്സിലാക്കുന്നത്. അത്തരത്തിലുള്ള എല്ലാ സ്വാധീനവും ഇവര്‍ ഉപയോഗിച്ചേക്കാം. അതുകൊണ്ടായിരിക്കാം അപകടശേഷവും എല്ലാം ബാപ്പ നോക്കിക്കോളുമെന്ന് സുഹൈല്‍ സജീവ് പറഞ്ഞതെന്നും ഗോപികയുടെ അച്ഛന്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ ഗോപികയേയും ഞങ്ങളേയും താറടിച്ചുകൊണ്ടുള്ള പ്രചാരണം നടക്കുന്നുണ്ട്. കെഎംഎം കോളജില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു ഗോപിക. അഞ്ചുവര്‍ഷത്തോളം എന്‍എസ്എസ് വളണ്ടിയര്‍ ആയിരുന്നു. സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഞങ്ങളുടെ കുടംബത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള അപവാദം ഉണ്ടോയെന്ന് നാട്ടില്‍ വിളിച്ചു ചോദിച്ചു നോക്കൂ. ഞങ്ങളെ താറടിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രമമെന്നും ഗോപികയുടെ അച്ഛന്‍ പറഞ്ഞു.