തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തത്.ബുധനാഴ്ച രാവിലെ ആണ് സംഭവം. അനുകീർത്തനയുടെ വാട്സ്ആപ്പ് സന്ദേശം കണ്ട് ആശങ്കപ്പെട്ട ബന്ധുക്കൾ വീട്ടിലെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് വിഷം കഴിച്ച് അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിച്ചു.
ഡോക്ടറാകണമെന്ന അതിയായ ആഗ്രഹത്തോടെ ഒരുവർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനപരീക്ഷ പ്രഖ്യാപിച്ചതും. ഇത് അനുകീർത്തനയിൽ വലിയ ഞെട്ടലുണ്ടാക്കുകയും മാനസികമായി തളർത്തുകയും ചെയ്തു.