കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി

 
ബ്രഹ്മോസ് ഏറോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് പുതിയ മിസൈല്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനായി 180 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. അഡ്വാന്‍സ്ഡ് മിസൈല്‍ & അതര്‍ സ്ട്രാറ്റജിക്ക് യൂണിറ്റ് നിര്‍മ്മിക്കുന്നതിനും അതിനോടനുബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയോടെയാണ് ഭൂമി കൈമാറുക എന്ന് വ്യവസായമന്ത്രി പി രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.പദ്ധതിക്കായി ഭൂമി ആവശ്യപ്പെട്ട് ബ്രഹ്മോസ് വ്യവസായവകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ മന്ത്രിയോടൊപ്പം മീറ്റിങ്ങ് വിളിച്ചു ചേര്‍ക്കുകയും രണ്ട് സ്ഥലങ്ങള്‍ പ്രാഥമികമായി കണ്ടെത്തുകയും ചെയ്തു. അടുത്തപടിയായി റവന്യൂ,വ്യവസായം, ഡിആര്‍ഡിഒ സംഘം സംയുക്ത പരിശോധനയിലൂടെ പദ്ധതിപ്രദേശം കണ്ടെത്തുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ സ്ഥലം വിട്ടുനല്‍കുന്നതില്‍ തടസമുണ്ടായിരുന്നു. ഇത് മനസിലാക്കിക്കൊണ്ട് അഡ്വക്കേറ്റ് ജനറലിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായമാരായുകയും അനുകൂല നിയമോപദേശം ലഭിക്കുകയും ചെയ്തു. ഇതിന്മേല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുമതി നേടിയെടുക്കുകയുമായിരുന്നുവെന്നും പി രാജീവ് കുറിച്ചു.പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന BATL ഈ ഭൂമിയില്‍ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ ദേശീയ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിന് കേരളത്തിലെ പ്ലാന്റിന്റെ വിപുലീകരണം സഹായകമാകും. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ കേരളത്തിന്റെ സംഭാവന പലമടങ്ങ് വര്‍ധിക്കും. ഇതിനൊപ്പം 15 വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം ലഭിക്കാനും 500ല്‍ അധികം ഹൈസ്‌കില്‍ എന്‍ജിനിയറിങ്/ടെക്‌നിക്കല്‍ ജോലികള്‍ സൃഷ്ടിക്കപ്പെടാനും പദ്ധതിയിലൂടെ സാധിക്കും. ഒപ്പം അനവധി പരോക്ഷ തൊഴിലവസരങ്ങള്‍ക്കും പദ്ധതി വഴിയൊരുക്കുമെന്നും മന്ത്രി അറിയിച്ചു.