നിതിൻ രാജിന്റെ മരണം: പോലീസിന്റെ വീഴ്ചയിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി
Jul 22, 2026, 09:13 IST
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്തതിൽ അന്വേഷണസംഘത്തിന് ഗുരുതരവീഴ്ചയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.
ഐ.ജി. അജിതാബീഗം മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. അറസ്റ്റ് നടപടിക്രമം പാലിക്കാത്തതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തദിവസംതന്നെ അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് നിർദേശം. നിലവിൽ നിതിൻ രാജിന്റെ മരണത്തിൽ ലോൺആപ്പ് വഴിയുള്ള പീഡനം അന്വേഷിച്ചിരുന്നത് ജീവൻ ജോർജാണ്.