ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

 
രാജ്യത്ത് എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28 വയസ്സുകാരിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും മന്ത്രാലയം അറിയിച്ചു.സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം യുവതിയെ ഐസൊലേഷനിൽ നിരീക്ഷിച്ചിരുന്നെങ്കിലും, നിലവിൽ എബോള ലക്ഷണങ്ങൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.ആഫ്രിക്കയിലെ ചില ഭാഗങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും, സംസ്ഥാനങ്ങളുമായി ചേർന്ന് ജാഗ്രത തുടരുകയാണെന്നും കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.