എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചിരുന്നില്ലെന്ന് ബാലഗോപാൽ

 

 

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കാര്യത്തിലടക്കം കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയും പുതിയ യു ഡി എഫ് സർക്കാരിനെ വിമർശിച്ചും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിച്ചിരുന്നില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കി. എൽ ഡി എഫ് സർക്കാരിന് അന്ന് നല്ല സമ്മർദ്ദം ഉണ്ടായിരുന്നു. വിൽക്കാൻ പറ്റാത്തത് കൊണ്ടല്ല, 251 ശതമാനം നികുതി നൽകണമായിരുന്നു എന്നതിനാലാണ് തീരുമാനവുമായി മുന്നോട്ട് പോകാത്തതെന്നും അദ്ദേഹം വിവരിച്ചു. ടൂറിസത്തെ സഹായിക്കുകയും, റെഡി ടു ഡ്രിങ്ക് സൗകര്യം മാർക്കറ്റ് കൂട്ടുകയും, വരുമാനം കിട്ടുകയും ചെയ്യും. എന്നാൽ പുതിയ മദ്യ ഉപയോഗ രീതി കേരളത്തിൽ ഉണ്ടാക്കുമെന്ന കാരണവും, പുതിയൊരു നിര ലഹരി ഉപയോഗത്തിലേക്ക് വരേണ്ട എന്ന നയം കാരണവുമാണ് പദ്ധതിയുമായി മുന്നോട്ട് പോകാത്തതെന്നും ബാലഗോപാൽ വ്യക്തമാക്കി. മാത്യു കുഴൽനാടൻ അടക്കമുള്ളവർ വിഷയത്തിൽ ഈ ചോദ്യങ്ങൾ കഴിഞ്ഞ നിയമസഭയിൽ ചോദിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.