മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച് എൻഎസ്എസ്
Feb 27, 2026, 21:13 IST
മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിച്ച എൻഎസ്എസ് നടപടിയിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. നാളെ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ശതാബ്ദി ആഘോഷണങ്ങളിൽ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി എത്തുന്നത്. എന്നാൽ ഇന്ന് രാവിലെ മാത്രമാണ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിനായി ഉപരാഷ്ട്രപതി അനുമതി തേടിയത് എന്നാണ് എൻഎസ്എസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഉപരാഷ്ട്രപതിയുടെ പരിപാടിയുടെ ഷെഡ്യൂളിൽ 2.50ന് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് ശേഷം 3 മണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് തൊട്ടടുത്തുള്ള എസ്ബി കോളേജിൽ മൂന്നരക്കുള്ള പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത് എന്നാണുള്ളത്.പക്ഷേ പരിപാടിയുടെ ഷെഡ്യൂൾ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറോട്, മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവാദമില്ലെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും ഇങ്ങോട്ട് എത്താൻ കഴിയില്ലെന്നാണ് എൻഎസ്എസ് നൽകുന്ന വിശദീകരണം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ മുൻനിർത്തി സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ട്. മന്നെ സമാധിയിൽ അത്തരത്തിലൊരു പരിശോധന നടത്താനുളള അനുമതിയും നൽകാൻ കഴിയില്ല, അതുകൊണ്ട് സന്ദർശനത്തിന് അനുമതി നിഷേധിക്കുന്നു എന്നാണ് എൻഎസ്എസിൽ നിന്നുള്ള പ്രതികരണം.