ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്

 

ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്. ദൈവനാമത്തിൽ എന്നതിന് പകരം പല ദൈവങ്ങളുടെ പേര് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയായിരിക്കും. സിപിഎം കൗൺസിലർ എസ് പി ദീപക്കിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം. പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലും ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതി അറിയിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ നിയമസഭകക്ഷി നേതാവാണ് ഹര്‍ജിക്കാരനായ എസ് പി ദീപക്.

തിരുവനന്തപുരം കോർപ്പറേഷനിൽ കടകംപള്ളി വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ജയ രാജീവ് അയ്യപ്പന്റെ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ശരണം വിളിച്ചാണ് ഇവർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചിരുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കരമന വാർഡിൽ നിന്ന് വിജയിച്ച ബിജെപി സ്ഥാനാർത്ഥി കരമന അജിത് സംസ്കൃതത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ ശ്രീലേഖ വേദി വിട്ടത്. ഇതും ഏറെ ശ്രദ്ധനേടിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ‌ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതവും പാടിയിരുന്നു.