ഓപ്പറേഷന്‍ സൈഹണ്ട് 2.0' : സംസ്ഥാനത്ത് 455 കേസുകള്‍, 165 അറസ്റ്റ്

 

'ഓപ്പറേഷന്‍ സൈഹണ്ട് 2.0' എന്ന പേരില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 165 പേര്‍ അറസ്റ്റില്‍. 455 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1168 റെയ്ഡുകള്‍ നടത്തി. പരിശോധനയില്‍ 216 പേര്‍ക്ക് നോട്ടീസ് നല്‍കി. 306 ഉപകരണങ്ങള്‍ പിടിച്ചെടുത്തു.സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മാര്‍ച്ച് 5ന് രാവിലെ 7 മണി മുതല്‍ ഒരേ സമയം എല്ലാ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലും റെയ്ഡുകള്‍ ആരംഭിച്ചു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബാങ്കിങ്് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യവ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പ് ശൃംഖലകളെ കണ്ടെത്തുകയും തടയുകയുമാണ് ഓപ്പറേഷന്‍ സൈഹണ്ടിന്റെ പ്രധാന ലക്ഷ്യം.മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്നവരെയും സാമ്പത്തിക ഇടനിലക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 422 മ്യൂള്‍ അക്കൗണ്ടുകള്‍ കണ്ടെത്തി. തട്ടിപ്പ് പണം പിന്‍വലിച്ചവരില്‍ 670 പേര്‍ ചെക്ക് വഴിയും 263 പേര്‍ എടിഎം വഴിയുമാണ് ഇടപാടുകള്‍ നടത്തിയതെന്ന് കണ്ടെത്തി.

ഇതര സംസ്ഥാനങ്ങളുമായി ബന്ധമുള്ള കേസുകളില്‍ അതാത് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ഏകോപനം നടത്തി നിയമനടപടികള്‍ സ്വീകരിക്കും. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ഒടിപി, പിന്‍, പാസ്‌വേഡ് തുടങ്ങിയവ പങ്കുവെക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, പരിചയമില്ലാത്ത 'വര്‍ക്ക് ഫ്രം ഹോം' അല്ലെങ്കില്‍ ടാസ്‌ക് അടിസ്ഥാനത്തിലുള്ള ഓഫറുകളില്‍ ജാഗ്രത പാലിക്കുകയും വേണം.

ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതും ടുഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കുന്നതും കൂടുതല്‍ സുരക്ഷ ഉറപ്പാക്കും. സംശയകരമായ സൈബര്‍ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോ എന്ന വെബ്‌സൈറ്റ് വഴി പരാതി നല്‍കുകയോ ചെയ്യാവുന്നതാണ്.