മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
എൽഡിഎഫ് കാലത്തെ ധനസ്ഥിതി സംബന്ധിച്ച് യുഡിഎഫ് സർക്കാർ ധവളപത്രം ഇറക്കുമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ധവള പത്രം വരുമ്പോൾ നമുക്ക് കാണാമെന്നും, ആ ഉമ്മാക്കി കാണിച്ച് വായടപ്പിക്കാൻ നോക്കേണ്ടെന്നും പിണറായി പറഞ്ഞു. നിയമസഭയിൽ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 'ധവളപത്രം വരുന്നുണ്ടെന്ന് പറഞ്ഞു, അത് വരുമ്പോൾ നമുക്ക് കാണാം. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് ഞങ്ങളുടെ വായ അടപ്പിക്കാൻ ശ്രമിക്കരുത്'പിണറായി പറഞ്ഞു.പ്രതിപക്ഷനേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി സതീശൻ തയ്യാറുണ്ടോ എന്ന് വിശദീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.'നിർഭാഗ്യകരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. പെട്രോൾ ഡീസൽ വിലവർധനവ് അതീവ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നും ഇനിയും ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യമാണ് ഇതിനിടയാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുദ്ധത്തിന് മുമ്പ് എണ്ണയ്ക്ക് 70 ഡോളറായിരുന്നു വീപ്പയ്ക്ക് ഉണ്ടായിരുന്നത്. അപ്പോഴും നമ്മുടെ രാജ്യത്ത് എണ്ണ വിലയിൽ കുറവുണ്ടായിരുന്നില്ല. പഴയ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് എണ്ണ കമ്പനികൾക്ക് വില നിർണയാധികാരം നൽകിയത്. കോൺഗ്രസ് തുടങ്ങിയത് ബിജെപി ശക്തമായി തുടരുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ഘട്ടത്തിൽ എണ്ണ കമ്പനികൾ രണ്ട് ലക്ഷം കോടി രൂപയുടെ ലാഭം കൊയ്‌തെടുത്തിട്ടുണ്ട്. വെനസ്വേലയിൽനിന്നും റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്തിരുന്നു. അമേരിക്കയ്ക്കും ട്രംപിനും ഇഷ്ടമല്ല എന്നത്‌കൊണ്ട് അത് നിർത്തിവെച്ചു. 40 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു റഷ്യയിലെ എണ്ണക്ക്. യുഎസ് താത്പര്യത്തിന് വേണ്ടി ട്രംപ് കൽപിച്ചപ്പോൾ എൻഡിഎ സർക്കാർ കീഴടങ്ങി. രാജ്യത്ത് ഇതിന്റെ ഭാഗമായി രൂക്ഷമായ വിലവർധനവുണ്ടായി. കേന്ദ്ര സർക്കാർ സ്വീകരിച്ച സമീപനത്തെ കുറ്റപ്പെടുത്താൻ തയ്യാറാകണം. എക്‌സൈസ് ഡ്യൂട്ടി വർധനവ് ഒഴിവാക്കണമെന്ന് സംസ്ഥാനത്ത് ആവശ്യപ്പെടാമല്ലോ. ഫലപ്രദമായ ഇടപെടൽ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണം. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വില വർധിപ്പിച്ചത്. കേന്ദ്രം ഇന്ധനവില കൂട്ടുമ്പോഴെല്ലാം സംസ്ഥാനത്തിന്റെ മേൽ കെട്ടിവെക്കാനായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ എടുത്തിരുന്ന നിലപാട്. സംസ്ഥാനം നികുതി കുറച്ചാൽ ജനങ്ങൾ ആശ്വാസം ലഭിക്കുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ സാധാരണ നിലയിലുള്ള വിലവർധനവല്ല ഉണ്ടായിട്ടുള്ളത്.രൂക്ഷമായ പ്രതിസന്ധിയാണ് ഉള്ളത്' പിണറായി പറഞ്ഞു.
കെഎസ്ആർടിസി അടക്കം പ്രതിസന്ധിയിലേക്ക് പോകുകയാണ്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോൾ ഡീസൽ നികുതി നിരക്ക് കൂട്ടിയിരുന്നില്ല. 2018-ൽ എൽഡിഎഫ് സർക്കാർ ഇന്ധന നികുതി കുറച്ചു. 509 കോടി രൂപയുടെ നികുതിയിളവ് അന്ന് ഒറ്റയടിക്ക് നൽകിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.