ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നീക്കം

 
ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ നീക്കം. കോൺഗ്രസ് വക്താവും എം പിയുമായ ജയറാം രമേശിന്റെ നേതൃത്വത്തിൽ 73 പ്രതിപക്ഷ എം പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി. 2026 മാർച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും പെരുമാറ്റദൂഷ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനയുടെ 324 (5), 124 (4) അനുച്ഛേദങ്ങൾ പ്രകാരം ഇംപീച്ച്‌മെന്റ് നടപടികൾക്ക് സമാനമായ നോട്ടീസ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കാനുള്ള പ്രമേയമായാണ് നോട്ടീസ് സമർപ്പിച്ചിട്ടുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ നിഷേധിക്കാനാവാത്ത ഒമ്പതോളം ഗുരുതരമായ കുറ്റങ്ങൾ രേഖാമൂലം നിരത്തിയിട്ടുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി. ഗ്യാനേഷ് കുമാർ പദവിയിൽ തുടരുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വേണ്ടി ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ ഈ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി നീങ്ങുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ നീക്കം പ്രതിപക്ഷം കടുപ്പിച്ചത്.