പാർലമെന്റിൽ‌ പ്രതിപക്ഷ പ്രതിഷേധം: ഇന്നും ഇരു സഭകളും പ്രക്ഷുബ്ധം

 

 

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും തടസ്സപ്പെട്ടു. വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു. അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ആയുധമാക്കി. അതേസമയം ലോക്‌സഭയിൽ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെതിരെ അവകാശലംഘന നോട്ടീസ് നൽകാനാണ് കോൺഗ്രസ് നീക്കം.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയാണ് ഇന്ന് രാജ്യസഭയിലെ ഭരണപക്ഷ ബെഞ്ചിനെ പ്രതിരോധത്തിലാക്കിയത്. സംഭാവനക്കൊള്ളക്കാരെ കസേരയൊഴിയൂ എന്ന മുദ്രവാക്യം സഭയിൽ അലയടിച്ചു. ഇതോടെ അധ്യക്ഷന് നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത് എന്ന് കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് ചൗഹാൻ വിമർശിച്ചു.

സമരക്കാർക്കെതിരായ അതിക്രമത്തിൽ അമിത്ഷായുടെ പ്രസ്താവനയാവശ്യപ്പെട്ടായിരുന്ന ലോക്‌സഭയിലെ ബഹളം. പൊതു പരീക്ഷ നിയമഭേദഗതി ബില്ലിൽ ലോക്‌സഭയിൽ മറുപടി പറയുമ്പോൾ സമരക്കാർക്കെതിരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും മാത്രമാണ് ഉപയോഗിച്ചെന്ന പരാമർശത്തിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായാണ് കോൺഗ്രസിന്റെ അവകാശലംഘന നോട്ടീസ്.