പേരാമ്പ്ര സംഘർഷം: ആരോപണ വിധേയരായ ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
Oct 20, 2025, 10:55 IST
പേരാമ്പ്ര സംഘർഷത്തിൽ ആരോപണ വിധേയരായ ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. സുനിൽ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായും മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 23 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റിയ കൂട്ടത്തിലാണ് ഇവരും ഉൾപ്പെട്ടത്. അച്ചടക്ക നടപടിയല്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പേരാമ്പ്ര സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പു നൽകിയിരുന്നു. ഇരു ഡിവൈഎസ്പിമാർക്കുമെതിരെ കോൺഗ്രസ് ആരോപണവുമായി രംഗത്തു വന്നിരുന്നു.