പിണറായി വിജയന്‍ ഇനി ഒരു പരീക്ഷയും ജയിക്കാന്‍ സാധ്യതയില്ല- സെബാസ്റ്റ്യന്‍ പോള്‍

 

 

പഠിക്കാതെ വിട്ട പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ ഇനി ഒരു പരീക്ഷയും ജയിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. പാറപ്പുറത്തിന്റെ അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചന്റെ അവസ്ഥയിലാണ് കാരണവരായ പിണറായിയെന്നും കറുപ്പിന്റെ മയക്കത്തില്‍ കാണേണ്ടതൊന്നും അദ്ദേഹം യഥാസമയം കാണുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു, സമകാലികം മലയാളം വാരികയിലെ പ്രഥമദൃഷ്ട്യാ എന്ന തന്റെ കോളത്തിലാണ് സെബാസ്റ്റിയന്‍ പോളിന്റെ വിമര്‍ശനം.

അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുന്ന പാര്‍ട്ടിയില്‍ നിന്ന് മാനവും അഭിമാനവുമുള്ളവര്‍ വിട്ടുപോകുന്നത് കാരണവരെ തിരുത്താന്‍ കെല്‍പ് ഇല്ലാത്തതുകൊണ്ടാണ്. പാഴ്ശ്രമമാണെന്നറിഞ്ഞുകൊണ്ട് എന്തിനാണ് സമയം പാഴാക്കുന്നത്, പാര്‍ട്ടി നന്നായി തോറ്റുവെന്ന കാര്യത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും ഒഴികെ ആര്‍ക്കും സംശയമുണ്ടാവില്ല. തോല്‍വിക്ക് കാരണവും ന്യായീകരണവും വേണം. അത് പരാജിതന്റെ അവകാശമാണ്. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥി ഉത്തരത്തിലെ അപര്യാപ്തയല്ല, ചോദ്യത്തിലെ ന്യൂനതയാണ് തോല്‍വിക്ക് കാരണമായി കണ്ടെത്തുന്നത്. പൂനര്‍മൂല്യനിര്‍ണയം ഇല്ലാത്ത പരീക്ഷയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ തോറ്റവര്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാതെ നിര്‍വാഹമില്ല.