പി കെ ശശി സിഎംപിയിലേക്ക്; ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് സിഎംപിയില്‍ ലയിക്കും

 

 

സിപിഎം മുന്‍ എംഎല്‍എയും മുന്‍ കെടിഡിസി ചെയര്‍മാനുമായ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു.സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സിപി ജോണ്‍ അറിയിച്ചു. 27ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിഎംപി.യുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.