വാർത്ത നൽകിയ പലരും വിളിച്ചു, കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു- പികെ ശ്രീമതി

 

 

വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പികെ ശ്രീമതി. വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്‌, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല. സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികളും എല്ലാവരും നിർത്തണമെന്നും പികെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാർത്തകൾ പ്രച‌രിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ പികെ ശ്രീമതി വിതുമ്പിക്കരഞ്ഞിരുന്നു.

പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പറഞ്ഞു.