മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യുന്നതിനിടയില് മാധ്യമപ്രവര്ത്തകര്ക്ക് നേരെ ഡല്ഹി പൊലീസിന്റെയും കേന്ദ്ര അര്ധസൈനിക വിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്ക്കെതിരെ കേരള യൂണിയന് ഓഫ് വര്ക്കിങ് ജേര്ണലിസ്റ്റ്സ് (കെയുഡബ്ല്യുജെ - ഡല്ഹി യൂണിറ്റ്) സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് സംഘടന കോടതിയില് ഹര്ജി ഫയല് ചെയ്തത്.
ഒക്ടോബര് 10, 11 തീയതികളില് ഡല്ഹിയില് നടന്ന പ്രക്ഷോഭങ്ങള് റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്ത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഹര്ജിയിലെ പ്രധാന ആരോപണം. പ്രസ് ക്രെഡന്ഷ്യലുകള് പ്രദര്ശിപ്പിച്ച് ജോലി ചെയ്തിരുന്ന മാധ്യമപ്രവര്ത്തകരെ പോലും പൊലീസ് ഉദ്യോഗസ്ഥര് ലക്ഷ്യമിട്ടതായി ഹര്ജിയില് പറയുന്നു. മാധ്യമപ്രവര്ത്തകരെ തടഞ്ഞുവെക്കുക, വലിച്ചിഴയ്ക്കുക, ദീര്ഘനേരം ചോദ്യം ചെയ്യുക, പരിശോധനകള് നടത്തുക എന്നിവയ്ക്ക് പുറമെ ഒരു ഫോട്ടോഗ്രാഫറുടെ ക്യാമറ പിടിച്ചുവാങ്ങാന് ശ്രമിക്കുകയും തത്സമയ റിപ്പോര്ട്ടിങ്ങിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്ത്തകയെ മര്ദിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.