കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണത്തിന് പൊലീസ്
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ ഒടുവിൽ അന്വേഷണത്തിന് പൊലീസ്. കോൺഗ്രസ് നേതാവിന്റെ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ മൊഴിയെടുത്തു. പരാതി നൽകി രണ്ടുമാസത്തിനുശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.
ഡിജിപിക്ക് നേരിട്ട് നൽകിയ പരാതിയിൽ രണ്ടുമാസക്കാലം ഒരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ഇത് ആസൂത്രിതമാണെന്നുമായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്നായിരുന്നു ജോൺസൺ എബ്രഹാമിൻ്റെ ആവശ്യം. സൈബർ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങൾ പരാതിക്കാരൻ കൈമാറിയിട്ടും പൊലീസ് നടപടി ഉണ്ടായില്ല. ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നൽകിയതോടെയാണ് സൈബർ സെൽ ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.