തിരുവനന്തപുരം കോർപറേഷനിലെ ഒപ്പ് വിവാദത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ്
Oct 9, 2026, 09:11 IST
തിരുവനന്തപുരം കോർപറേഷനിലെ ഒപ്പ് വിവാദത്തിൽ കൂടുതൽ നടപടികളിലേക്ക് പൊലീസ്. കോർപറേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിക്കും. പരിശോധനക്ക് അനുമതി തേടി അന്വേഷണസംഘം സെക്രട്ടറിക്ക് കത്ത് നൽകി. കൗൺസിൽ ഹാളിലെ സിസിടിവികൾ പരിശോധിക്കാനാണ് പോലീസ് കത്ത് നൽകിയത്. എന്നാൽ കൗൺസിൽ ഹാളിലെയും കവാടത്തിലെയും സിസിടിവികൾ പ്രവർത്തിക്കുന്നില്ലന്ന് കോർപറേഷൻ.
സിസിടിവി പരിശോധനയ്ക്ക് പിന്നാലെ മേയറുടെയും നഗരസഭാ സെക്രട്ടറിയുടെയും ആർ സുഗതന്റെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികൾ നടന്ന കൗൺസിൽ യോഗത്തിലെ രജിസ്റ്ററിൽ സുഗതന്റേത് ആയിട്ടുള്ള ഒപ്പ് വന്നത് ഗൂഢാലോചനയുടെ ഫലമാണെന്നാണ് എഫ്ഐആറിലെ പരാമർശം. ഒന്നാം പ്രതിയായ മേയറും രണ്ടാം പ്രതിയായ നഗരസഭാ സെക്രട്ടറിയും മൂന്നാം പ്രതിയായ സുഗതനും പരസ്പരം കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നും എഫ്ഐആറിലുണ്ട്.