നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
നയപ്രഖ്യാപന വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. നയപ്രഖ്യാപന പ്രസംഗത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടെന്നും അവ മാറ്റാൻ നിർദേശം നൽകിയിട്ടും സർക്കാർ മാറ്റിയില്ലെന്നുമാണ് വിശദീകരണം. വിവരങ്ങൾ മാറ്റാമെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, നിർദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാഗം വായിക്കാതിരുന്നതെന്ന് ലോക് ഭവൻ അറിയിച്ചു. ബില്ലുകൾ തടഞ്ഞതിന് എതിരായ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടെന്ന ഭാഗം തെറ്റാണ്. പ്രസംഗം എത്തിച്ചത് അർദ്ധരാത്രിയിൽ ആണെന്നും ലോക്ഭവൻ അറിയിച്ചു.
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ വിമര്‍ശനങ്ങള്‍ രാജേന്ദ്ര ആർലേക്കർ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയിൽ വായിച്ചു അസാധാരണനീക്കം നടത്തിയ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചു. പ്രതിപക്ഷവും സ്പീക്കറും ഗവര്‍ണറുടെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ 52 മിനിട്ട് നീണ്ട പ്രസംഗത്തിൽ നികുതിവെട്ടിക്കുറച്ചതിലും തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിലും കേന്ദ്രവിമർശനം വായിച്ചെങ്കിലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ മുഴുവൻ ഭാഗവും ഗവർണർ വായിച്ചിരുന്നില്ല.