ബിഹാറിൽ രാഷ്ട്രീയ അഴിച്ചുപണി; നിതീഷ് കുമാർ ഇന്ന് രാജിവെക്കും, മുഖ്യമന്ത്രി പദം ബിജെപിക്ക്

 

ബിഹാർ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവെക്കും. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി രാജ്യസഭയിലേക്ക് മത്സരിക്കാനാണ് നിതീഷ് കുമാറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും മുഖ്യമന്ത്രി പദം ബിജെപി കൈക്കലാക്കുകയാണ്. നിതീഷ് കുമാറിന് പകരം ബിജെപിയിൽ നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകും. അതേസമയം, നിതീഷ് കുമാറിന്റെ മകനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനും ജെഡിയുവിൽ നിന്ന് മറ്റൊരു ഉപമുഖ്യമന്ത്രി കൂടി ഉണ്ടാകാനും എൻഡിഎ സഖ്യത്തിൽ ധാരണയായിട്ടുണ്ട്.

ഇന്ന് രാവിലെ 11:30-ഓടെ നിതീഷ് കുമാർ നിയമസഭയിലെത്തി രാജ്യസഭാ സ്ഥാനാർത്ഥിയായി പത്രിക സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പത്രികാ സമർപ്പണ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. നിതീഷ് കുമാറിനൊപ്പം മറ്റൊരു ജെഡിയു നേതാവായ രാംനാഥ് താക്കൂറും പത്രിക നൽകുന്നുണ്ട്. രാജ്യസഭാ പ്രവേശനം നിതീഷ് കുമാറിന്റെ വ്യക്തിപരമായ താല്പര്യപ്രകാരമാണെന്ന് മുതിർന്ന ജെഡിയു നേതാവ് വിജയ് കുമാർ ചൗദരി വ്യക്തമാക്കി. എന്നാൽ നിതീഷ് കുമാർ പടിയിറങ്ങുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നും സൂചനകളുണ്ട്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 200-ലധികം സീറ്റുകൾ നേടി എൻഡിഎ സഖ്യം ബിഹാറിൽ വൻ വിജയം കൈവരിച്ചിരുന്നു. ബിജെപി 89 സീറ്റുകളും ജെഡിയു 85 സീറ്റുകളുമാണ് നേടിയത്. ചിരാഗ് പാസ്വാന്റെ എൽജെപി 19 സീറ്റുകളും ജിതിൻ റാം മാഞ്ചിയുടെ എച്ച്എഎം അഞ്ച് സീറ്റുകളും നേടി സഖ്യത്തിന്റെ കരുത്ത് തെളിയിച്ചിരുന്നു. നിതീഷ് കുമാറിനെ മുൻനിർത്തി നേടിയ ഭരണത്തുടർച്ചയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഭരണത്തലപ്പത്ത് ബിജെപി നേരിട്ട് എത്തുന്ന ഈ നിർണായക മാറ്റം സംഭവിക്കുന്നത്.