ട്വന്റി20 മത്സരിച്ച മണ്ഡലങ്ങളിൽ പോളിങ് കുതിച്ചുയർന്നു; കുന്നത്തുനാട്ടിൽ 84.9 ശതമാനം

 

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി20 മത്സരത്തിനിറങ്ങിയ മണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്. ട്വന്റി20യുടെ തട്ടകമായ കുന്നത്തുനാട്ടിൽ മൂന്ന് മുന്നണികളെയും വെല്ലുവിളിച്ചുള്ള വാശിയേറിയ പ്രചാരണം നടന്നതോടെ പോളിങ് 84.9 ശതമാനമായി ഉയർന്നു. ട്വന്റി20 വോട്ടുകളും ബിജെപി വോട്ടുകളും ഒത്തുചേരുമ്പോൾ മണ്ഡലം ഇക്കുറി എൻഡിഎയ്ക്കൊപ്പം നിൽക്കുമെന്ന പ്രചാരണവും ഇവിടെ ശക്തമാണ്.

ട്വന്റി20 സാന്നിധ്യമറിയിച്ച എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ 81.4 ശതമാനവും വൈപ്പിനിൽ 80.05 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രം കൂടിയായ തൃപ്പൂണിത്തുറയിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. കൊച്ചി, തൃക്കാക്കര, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളിലും ട്വന്റി20 മത്സരരംഗത്തുണ്ടായതോടെ പോളിങ് നില മെച്ചപ്പെട്ടു.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ട്വന്റി20 ആദ്യമായി മത്സരിച്ച മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയർന്നിട്ടുണ്ട്. റാന്നിയിൽ 68.99 ശതമാനവും ഏറ്റുമാനൂരിൽ 75.65 ശതമാനവും തൊടുപുഴയിൽ 75.97 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. ട്വന്റി20യുടെ സഹായത്തോടെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.