സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം

 

 

കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നാളെ (ഞായറാഴ്ച) രാത്രി മുതൽ നേരിയ ആശ്വാസമാകും. പ്രതിസന്ധി പരിഹരിക്കുന്നതിനായി പുറത്തുനിന്ന് അടിയന്തരമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്സംസ്ഥാന പവർ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. നാളെ രാത്രി മുതൽ ഒരു വർഷത്തേക്കാണ് ഈ അധിക വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങുക.

വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) കടുത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിൽ, യൂണിറ്റിന് 5.96 രൂപ എന്ന നിരക്കിലാണ് രാത്രികാലങ്ങളിൽ സംസ്ഥാനത്തിന് ഈ വൈദ്യുതി ലഭിക്കുക. പൊതുമേഖലാ സ്ഥാപനമായ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് 100 മെഗാവാട്ട് വീതമാണ് ബോർഡ് വാങ്ങുന്നത്.