മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ
ബങ്കിപ്പൂരിൽ ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് എംഎൽഎ ആയതിന് പിന്നാലെ മണ്ഡലത്തിലെ യുവാക്കൾക്കായി വൻ തൊഴിൽ പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 യുവാക്കൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഇതിനായി മണ്ഡലത്തിലെ വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ യുവാക്കളുടെ ബയോഡാറ്റ ഓഫീസിലേക്ക് അയച്ചുനൽകാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചൊവ്വാഴ്ച ബങ്കിപ്പൂരിൽ എത്തിയപ്പോഴാണ് പ്രശാന്ത് കിഷോർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വോട്ടർമാർക്ക് നന്ദി അറിയിച്ച് അദ്ദേഹം മണ്ഡലത്തിൽ പര്യടനം നടത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഞ്ചോ ആറോ ദിവസം മണ്ഡലത്തിൽ ഉണ്ടായിരുന്നില്ലെന്ന വിമർശനങ്ങൾ മറുപടി നൽകിയ അദ്ദേഹം, താൻ എങ്ങും പോയിട്ടില്ലെന്നും ജനങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും വ്യക്തമാക്കി. രാജ്യത്തുടനീളം വിവിധ കമ്പനികളുമായും വ്യക്തികളുമായുമുള്ള തന്റെ ബന്ധം ഉപയോഗപ്പെടുത്തി യോഗ്യരായ യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ ജോലി ഉറപ്പാക്കാനാണ് പദ്ധതിയിടുന്നതെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കി.
എന്നാൽ സർക്കാർ ജോലി വാഗ്ദാനം ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രശാന്ത് കിഷോർ, തുടക്കത്തിൽ ചില യുവാക്കൾക്ക് ജോലി ആവശ്യത്തിനായി ബിഹാറിന് പുറത്തേക്ക് പോകേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു. അടുത്ത രണ്ട് വർഷത്തിനകം 10,000 കുടുംബങ്ങൾക്ക് പ്രയോജനം എത്തിക്കുകയാണ് തന്‍റെ പ്രധാന ലക്ഷ്യം. ഭാവിയിൽ ജൻ സുരാജ് പാർട്ടി ബിഹാറിൽ ഭരണത്തിൽ എത്തുകയാണെങ്കിൽ, യുവാക്കൾക്ക് ജോലി തേടി സംസ്ഥാനം വിടേണ്ടി വരില്ലെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.