സന്യാസജീവിതം സ്വീകരിച്ചെന്ന കാരണത്താല്‍ സ്വത്തവകാശം നിഷേധിക്കാനാവില്ല: ഹൈക്കോടതി
മതപരമായ ജീവിതം സ്വീകരിച്ച് കന്യാസ്ത്രീയായെന്ന കാരണത്താല്‍ ഒരാള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം കന്യാസ്ത്രീകള്‍ക്കും പുരോഹിതന്മാര്‍ക്കും സ്വത്തവകാശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 3.295 ഏക്കര്‍ കുടുംബസ്വത്തിന്റെ നഷ്ടപരിഹാരത്തുക വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. സന്യാസജീവിതം സ്വീകരിച്ചതിലൂടെ തന്റെ സഹോദരി ലൗകികജീവിതത്തില്‍നിന്ന് വിരമിക്കുകയും നിയമപരമായി 'സിവില്‍ ഡെത്ത്' സംഭവിക്കുകയും ചെയ്തതിനാല്‍ പിതൃസ്വത്തില്‍ അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരനായ ജോസ് എഎം വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി.
66 വയസ്സുള്ള ജോസിനും അഞ്ച് സഹോദരങ്ങള്‍ക്കും പിതാവില്‍നിന്ന് ലഭിച്ച ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ 3,74,34,449 രൂപയുടെ നഷ്ടപരിഹാരത്തുക ആറുപേര്‍ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് അതോറിറ്റി (അഡീഷനല്‍ ജില്ലാ കോടതി-4) ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ജോസ് ഹൈക്കോടതിയെ സമീപിച്ചത്.