ജെൻസീ പ്രക്ഷോഭ നേതാവ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ തെരുവിലിറങ്ങി യുവത, മാധ്യമ സ്ഥാപനങ്ങൾക്ക് തീയിട്ടു

 

ആഭ്യന്തര പ്രശ്നങ്ങളില്‍ നട്ടംതിരിയുന്ന ബംഗ്ലാദേശില്‍ വീണ്ടും അശാന്തി പുകയുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവ് ഉസ്മാന്‍ ഹാദിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നൂറുകണക്കിനാളുകള്‍ തെരുവില്‍ അഴിഞ്ഞാടി. രാജ്യത്തെ ‌ നിരത്തുകൾ കീഴടക്കിയ പ്രതിഷേധക്കാർ വലിയ അതിക്രമമാണ് അഴിച്ചുവിടുന്നത്. കടുത്ത ഇന്ത്യാവിരുദ്ധനും നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനസിന്‍റെ വലംകൈയുമായിരുന്ന ഹാദിയെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ധാക്കയില്‍ വെച്ചാണ് മുഖംമൂടിധരികള്‍ വെടിവെച്ചത്. ഗുരുതരാവസ്ഥയിലായെ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണവാര്‍ത്ത പുറത്തു വന്നതോടെ രോക്ഷാകുലരായ ഹാദി അനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ 'ദി ഡെയ്‌ലി സ്റ്റാർ', 'പ്രഥം ആലോ' എന്നിവയുടെ ഓഫീസുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. നിരവധി മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. അക്രമം നടക്കുമ്പോൾ ജീവനക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്. കുടുങ്ങികിടന്ന മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗീന്‍റെ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിന്റെ ഓഫീസിന് നേരെയും അതിക്രമമുണ്ടായി.

ചിറ്റഗോങ് ഉള്‍പ്പെടെയുളള നഗരങ്ങളിലേക്ക് കലാപം വ്യാപിച്ചു. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി റിപ്പോര്‍ട്ടുണ്ട്. മരണവാർത്ത പുറത്തുവന്നതോടെ, ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലേക്കിറങ്ങുകയായിരുന്നു. വികാരാധീനമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നീതി നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷന്‍ ഓഫീസിനു മുന്നില്‍ കലാപകാരികള്‍ സംഘടിച്ചിരുന്നു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.