പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് മോഹൻ ഭാഗവത്
Aug 15, 2026, 13:33 IST
പൊതുതാൽപ്പര്യമുള്ള ചോദ്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാൻ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിർപ്പുകൾ സ്വാഭാവികമാണ്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ ഭാഗമാണ്. സർവ്വശക്തിയും എടുത്ത് അതിനെ പിന്തുണയ്ക്കണമെന്നും ആർ എസ് എസ് തലവൻ നാഗ്പൂരിൽ പറഞ്ഞു. രാജ്യത്തിന്റെ ജനസംഖ്യയിൽ ഏറിയ പങ്കും യുവാക്കളാണ്. അവരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ പ്രയോജനം ഉണ്ടാകും. മറിച്ചായാൽ അവർ സമൂഹത്തിന് ഭാരമായി മാറുമെന്നും മോഹൻ ഭാഗവത് കൂട്ടിചേർത്തു. നേരത്തെ മുംബൈയിൽ ജെൻസികളോട് സംവദിക്കവെ മോഹൻ ഭാഗവത് നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. ഇന്ന് നാഗ്പൂരിൽ പ്രാദേശിക മാധ്യമത്തിന്റെ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.