ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ സമര പരമ്പര

 

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഭരണഘടനാ ദിനത്തിൽ ഡൽഹിയിൽ സമര പരമ്പര. കോൺഗ്രസ്, സിപിഐഎം, വിദ്യാർഥി യുവജന-സംഘടനകൾ, എസ്ഐആർ വിരുദ്ധ കൂട്ടായ്മ, സിജെപി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും തെരുവിലിറങ്ങും.

രാവിലെ 11.30ന് AKG ഭവനിൽ ഭരണഘടന ദിനം ആചരിച്ച് പ്രതിഷേധങ്ങൾക്ക് സിപിഐഎം തുടക്കം കുറിക്കും. ഇടത് യുവജന-വിദ്യാർഥി സംഘടനകൾ, ഇടത് പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച എസ്ഐആർ വിരുദ്ധ കൂട്ടായ്മ, പൗരാവകാശ സംഘടനകൾ എന്നിവർ ഉച്ചയ്ക്ക് 12.30ന് മന്ദിർ മാർഗിലെ വാൽമീകി സദനിൽ നിന്നാണ് പ്രതിഷേധം ആരംഭിക്കുക. സമരത്തിന് സിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഡൽഹിയടക്കം നൂറ് കേന്ദ്രങ്ങളിൽ കർഷക സംഘടനകളും പ്രതിഷേധിക്കും.

ഡൽഹി മന്ദിർ മാർഗിലെ കാളിബാരി മന്ദിറിൽ നിന്നാണ് കർഷകരുടെ പ്രതിഷേധം ആരംഭിക്കുക. ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ, ഏഴ് ആവശ്യങ്ങളാണ് കർഷക സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. ഡിസിസികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. ലഖ്നൗവിൽ കോൺഗ്രസിന്റെ ആത്മഘടനാ സംരക്ഷണ മാർച്ചിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. യൂത്ത് കോൺഗ്രസും NSUIയും ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങളും സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഡൽഹിയിൽ വീണ്ടും സുരക്ഷ ശക്‌തമാക്കി.