രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു; വൻ പൊലീസ് സന്നാഹം, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
Jan 15, 2026, 13:37 IST
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. വലിയ പൊലീസ് സന്നാഹമൊരുക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിലാണു രാഹുലിനെ എത്തിച്ചത്. കോടതി അനുവദിച്ചിരുന്ന മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ രാഹുലിനെ കോടതിയിൽ ഹാജരാക്കും. തിരുവല്ല കോടതിയുടെ ചുമതലയുള്ള പത്തനംതിട്ട മജിസ്ട്രേട്ടിന്റെ വസതിയിലാവും എത്തിക്കുക. പൊങ്കലിനെ തുടർന്ന് തിരുവല്ലയിൽ പ്രാദേശിക അവധിയായതിനാലാണ് ഇത്.അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിനോടു രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ തെളിവെടുപ്പിനു പൊലീസ് എത്തിച്ചിരുന്നു. ഇവിടെ നടന്ന തെളിവെടുപ്പിൽ 2024 ഏപ്രിൽ 8ന് ഹോട്ടലിൽ എത്തിയെന്നു രാഹുൽ സമ്മതിച്ചു. അതിജീവിതയുടെ പേരിലാണു മുറിയെടുത്തത്. മുറി തിരിച്ചറിഞ്ഞ രാഹുൽ യുവതിക്കൊപ്പം ഇവിടെ ഒരു മണിക്കൂർ ചെലവിട്ടെന്നും പറഞ്ഞു. എന്നാൽ പീഡനത്തെ കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കു മൗനമായിരുന്നു മറുപടി. ഹോട്ടൽ റജിസ്റ്ററിൽ രാഹുലിന്റെ പേര് രാഹുൽ ബി.ആർ. എന്നാണ് നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകൾ മുണ്ടപ്പള്ളിയിലുള്ള വീട്ടിലും എസ്ഐടി പരിശോധന നടത്തി. 10 മിനിറ്റ് നീണ്ട പരിശോധനയ്ക്കു ശേഷം സംഘം മടങ്ങി. ലാപ്ടോപ്പിനായുള്ള പരിശോധനയായിരുന്നു എന്നാണ് സൂചന. പ്രതിഷേധം ഭയന്ന് എസ്ഐടി രാഹുലിനെ വീട്ടിലേക്കു കൊണ്ടുവന്നിരുന്നില്ല.