മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ബുധനാഴ്ച നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ഇന്നും നാളെയും താപനില മൂന്ന് മുതൽ നാല് ഡഗ്രിവരെ ഉയരാൻ സാധ്യത. ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ്. 35.6 C ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ താപനില 35. 2, കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.