ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്ന രാജ്യസഭാ എം പിമാർ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു
May 3, 2026, 17:08 IST
ആം ആദ്മി പാർട്ടിയിൽ (എ എ പി) നിന്ന് രാജിവെച്ച് ബി ജെ പിയിൽ ചേർന്ന രാജ്യസഭാ എം പിമാർ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള 3 എം പിമാരുടെ സംഘം വരുന്ന ചൊവ്വാഴ്ച രാവിലെയാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബിലെ എ എ പി സർക്കാർ ഭരണസംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും രാഷ്ട്രീയ പകപോക്കലിനായി കള്ളക്കേസുകൾ എടുത്ത് തങ്ങളെ വേട്ടയാടുന്നുവെന്നുമാണ് ഇവരുടെ പ്രധാന പരാതി. പാർട്ടി വിട്ടവർക്കെതിരെ പൊലീസ് സംവിധാനത്തെ ഉപയോഗിച്ച് സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നും ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെടും. എ എ പി വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ സന്ദീപ് പഥക്കിനെതിരെ ഇന്നലെ പഞ്ചാബിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എം പിമാരുടെ പുതിയ നീക്കം.