രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന
Apr 16, 2026, 14:00 IST
മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും തുടരുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്നാണ് ലഭിക്കുന്ന സൂചന. ഇന്ന് വൈകിട്ടാണ് രമേശ് ചെന്നിത്തല ഡൽഹിക്ക് പോകുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് താൽപര്യമിലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കനത്ത പോര് തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികൾ ആക്രമണം കടുപ്പിക്കുകയാണ്. കെ സിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ സതീശൻ അനുകൂലികളുടെ കമന്റുകൾ നിറഞ്ഞു. പണി എടുത്ത ആൾക്ക് കൂലി ഉണ്ടോ അതോ ഗ്യാലറിയിൽ ഇരുന്ന നിങ്ങൾക്ക് ആണോ സിഎം പദവി എന്ന് ഇവർ കമന്റുകളിലൂടെ ചോദിക്കുന്നു. മുഖ്യമന്ത്രിക്കുപ്പായം ഇട്ട് കേരളത്തിലേക്ക് വരേണ്ടെന്ന് തുറന്നടിക്കുന്നു.