രമ്യ ഹരിദാസിന്റെ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്ര; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 
ചിറയിന്‍കീഴിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ നടത്തിയ 'ഇന്ദിരാ ഗ്യാരണ്ടി' ബസ് യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍. ഇന്ദിരാ ഗ്യാരണ്ടി ട്രയല്‍ ബസ് യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ട്രയല്‍ റണ്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് എല്‍ഡിഎഫ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.യാത്ര നിയമലംഘനവും പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും ആരോപിച്ച് ഇലക്ഷന്‍ സ്‌ക്വാഡ് ബസ് തടഞ്ഞിരുന്നു. ചിറയിന്‍കീഴ് മുതല്‍ കോരാണി വരെയും തിരിച്ചുമാണ് ട്രയല്‍ റണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര അനുവദിച്ചത്. എന്നാല്‍ ബസ് കോരാണിയിലെത്തിയപ്പോള്‍ ഇലക്ഷന്‍ സ്‌ക്വാഡ് തടയുകയായിരുന്നു. മടക്ക യാത്രയ്ക്കായി ബസില്‍ കയറിയവരെ ഇറക്കി വിടുകയും ചെയ്തു. റൂട്ടില്‍ ഓടുന്ന ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാമെന്നായിരുന്നു ഇലക്ഷന്‍ സ്‌ക്വാഡ് നല്‍കിയ നിര്‍ദേശം. ബസിന് പുറത്ത് പ്രചാരണാര്‍ഥം ഒട്ടിച്ച ചിത്രങ്ങളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചുള്ള യാത്ര കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു.