റാപ്പർ വേടന് വീണ്ടും നിയമക്കുരുക്ക്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ കേസ്

 

റാപ്പർ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകൾ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫീസിൽ യുവഗായിക നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

രണ്ടാഴ്ച മുൻപ് വേടനെതിരെയുള്ള പരാതിയുമായി രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. പിന്നാലെ ആ സംഭവങ്ങൾ നടന്ന അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറുകയും ചെയ്തു. ഈ പരാതികളിലൊന്നിലാണ് വേടനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ മാസം 21നാണ് എഫ്‌ഐആർ ഇട്ടത്. കേസിൽ അന്വേഷണം തുടരുകയാണ്.

സംഗീത ഗവേഷകയാണ് പരാതിക്കാരി. ഗവേഷണത്തിൻറെ ഭാഗമായി പരാതിക്കാരി വേടനെ ബന്ധപ്പെട്ടുവെന്നും 2020 ഡിസംബർ 20ന് കൊച്ചിയിലെ ഒരു ഫ്‌ലാറ്റിൽ വച്ച് ഈ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്. അപമാനിക്കാൻ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. നിലവിൽ പരാതിക്കാരിയുടെ വിശദമായ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇവരിപ്പോൾ കേരളത്തിന് പുറത്താണ് ഉള്ളത്. മൊഴി എടുക്കാനായി ഇവർക്ക് സൌകര്യപ്രദമായ തീയതിയോ സ്ഥലമോ അറിയിക്കണമെന്ന് സെൻട്രൽ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ കേസ്.