സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ റൂട്ട് മാപ്പിങ്
Jul 3, 2026, 15:20 IST
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക്. സംസ്ഥാനത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സമാന്തരമായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന മേഖലകൾ കണ്ടെത്താൻ റൂട്ട് മാപ്പിങ് നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ.കഴിഞ്ഞ മാസമാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചത്. എന്നാൽ, പദ്ധതി യാഥാർത്ഥ്യമായതോടെ തങ്ങളുടെ ദിവസേനയുള്ള കളക്ഷൻ വൻതോതിൽ ഇടിഞ്ഞെന്നും പല സർവീസുകളും സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം പ്രതിസന്ധിയിലായെന്നും സ്വകാര്യ ബസ് ഉടമകൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത വകുപ്പിന്റെ പുതിയ നീക്കം.