ജാമിയ മിലിയ സർവ്വകലാശാലയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി
ജാമിയ മിലിയ സർവ്വകലാശാലയിൽ ആർഎസ്എസ് ശതാബ്‍ദി പരിപാടിക്ക് അനുമതി. വിദ്യാർത്ഥി സംഘടനകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. എൻഎസ് യു, എസ് എഫ് ഐ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനുമതി പിൻവലിക്കണം എന്നാണ് ആവശ്യം. കനത്ത പൊലീസ് സുരക്ഷയിലാണ് ക്യാമ്പസുള്ളത്. ആര്‍എസ്എസിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി സർവകലാശാലയിൽ നടത്തുന്നതിന് എതിരെയാണ് പ്രതിഷേധങ്ങൾ.
പരിപാടിയെ ശക്തമായി അപലപിച്ചുകൊണ്ട് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ പ്രസ്താവന പുറത്തിറക്കി. ജാമിയയിൽ ആർഎസ്എസിന് സ്ഥാനമില്ല എന്ന് സംഘടന വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്തവരും ബ്രിട്ടീഷ് അധിനിവേശക്കാരുമായി പരസ്യമായി സഹകരിച്ചവരുമാണ് ആർഎസ്എസ് എന്നും, ഇന്ന് അധികാരം ഉറപ്പിക്കുന്നതിനായി അവർ ദേശീയതയുടെ പേരിൽ കാർഡുകൾ വിതരണം ചെയ്യുകയാണെന്നും എഐഎസ്എ ആരോപിച്ചു.
പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. ഒരു കേന്ദ്ര സർവകലാശാലയ്ക്കുള്ളിൽ ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് അനുചിതമാണെന്ന് പ്രതിഷേധക്കാർ വാദിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലും സമാനമായ രീതിയിൽ ആർഎസ്എസ് ബന്ധമുള്ള പരിപാടികൾക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.