ശബരിമല സ്വർണപ്പാളി: ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് കേരള ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറാണ് ഈ റിപ്പോർട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോർട്ടിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ കണ്ടെത്തലുകൾ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് സൂചന. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശങ്ങളുണ്ടായേക്കാം. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തിയ ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളിയായിരുന്നുവെന്നും, സ്വർണ്ണം പൂശിയതിലോ പൊതിഞ്ഞതിലോ പിന്നീട് തങ്ങൾ അറ്റകുറ്റപ്പണികൾ ചെയ്യാറില്ലെന്നും സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2019-ൽ വിജയ് മല്യ സംഭാവന ചെയ്ത സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക ശിൽപ്പങ്ങളും, പിന്നീട് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ശബരിമലയിലെ സ്‌ട്രോങ് റൂമിൽ അടക്കം വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. ശബരിമലയിലെ സ്വത്തുവകകളും ആഭരണങ്ങളും രേഖപ്പെടുത്തുന്ന രജിസ്റ്ററുകളിൽ എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടോ എന്നും വിജിലൻസ് പരിശോധിച്ചിട്ടുണ്ട്. സ്വർണ്ണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. എസ്പി എസ് ശശിധരനാണ് അന്വേഷണത്തിന്റെ ചുമതല. രണ്ട് എസ്എച്ച്ഒമാരെയും ഒരു സൈബർ വിദഗ്ധനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് സർക്കാർ ഇതിനായി പുറത്തിറക്കിയിരുന്നു. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി ശങ്കരൻ ശനിയാഴ്ച സന്നിധാനത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.