ശബരിമല സ്വർണക്കൊള്ള : മുരാരി ബാബു അറസ്റ്റിൽ

 

ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും അറസ്റ്റ്. ശബരിമല ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനു ശേഷമാണ് മുരാരി ബാബുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പെരുന്നയിലെ വീട്ടിൽ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ളിയിലെ രണ്ടാമത്തെ പ്രതിയാണ് മുരാരി ബാബു. സ്വർണപ്പാളികൾ ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണെന്നാണ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയുടെ പ്രധാന കണ്ണിയാണ് മുരാരി ബാബുവെന്നാണ് എസ്ഐടി നിഗമനം. 2019 ൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാളും പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്. ആരോപണം ഉയർന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു.

2019 ൽ മുരാരി ബാബു ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണ് എന്നാണ് റിപ്പോർട്ട്. എന്നാൽ സ്വർണപ്പാളി വിവാദത്തിലെ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നാണ് മുരാരി ബാബു ആവർത്തിച്ചിരുന്നത്.