സര്‍ക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം
Jun 11, 2026, 10:52 IST
സര്‍ക്കാരിനെതിരെ സമസ്ത ഇകെ മുഖപത്രം സുപ്രഭാതം. കേന്ദ്രത്തെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് എന്താണിത്ര മടിയെന്നാണ് സമസ്തയുടെ ചോദ്യം. നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും ഒരു വരി കേന്ദ്ര വിമര്‍ശനം കണ്ടില്ല. കേന്ദ്ര വിമര്‍ശനം വരാതിരിക്കാനുള്ള ജാഗ്രത എങ്ങനെ വന്നുവെന്നും സമസ്ത ചോദിക്കുന്നു. അര്‍ഹതപ്പെട്ട വിഹിതം തരാത്ത കേന്ദ്ര നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. നിയമസഭയില്‍ അക്കാര്യത്തില്‍ ഒരു വരി പോലും മുഖ്യമന്ത്രി പറയാത്തത് ഏവരേയും അമ്പരിപ്പിക്കുന്നു. ഗവര്‍ണറുടെ അമിതാധികാര പ്രവണത എന്തുകൊണ്ട് എതിര്‍ക്കുന്നില്ല. സര്‍ക്കാര്‍ സ്വീകരിക്കുന്നത് ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന നിലപാടുകളാണെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. പിഎം ശ്രീ പദ്ധതിയില്‍ വ്യക്തതയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനമുണ്ട്. നിലപാടെന്നാൽ ഒളിച്ചു കളിയല്ല. അധികാരം ലഭിച്ചാല്‍ പിഎം ശ്രീ പദ്ധതി റദ്ദാക്കുമെന്ന് പറഞ്ഞവരാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ഇത് പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് പറയാനാകുമോ എന്നും ലേഖത്തില്‍ ചോദ്യമുണ്ട്. കഴിഞ്ഞ കാലത്ത് ശക്തിയുക്തം എതിര്‍ത്ത പലകാര്യങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാരിന് വ്യഗ്രതയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.