ലൈംഗിക തൊഴിൽ കുറ്റകരമല്ല; വാണിജ്യവത്കരണം തടയാനാണ് ഇമ്മോറൽ ട്രാഫിക് ആക്ട്

 

രാജ്യത്ത് നിലവിലുള്ള 1956-ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് വേശ്യാവൃത്തി നിരോധിക്കാനോ അതിനെ ക്രിമിനൽ കുറ്റമാക്കാനോ ഉള്ളതല്ലെന്ന് സുപ്രീം കോടതി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും കോടതി അറിയിച്ചു.ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്.

വേശ്യാവൃത്തിയിൽ ഇടപെടുന്ന എല്ലാവരെയും ശിക്ഷിക്കാനുള്ള നിയമമല്ല ഇത് എന്നും, നിയമം പ്രധാനമായും കുറ്റവാളികളെയും ചൂഷണം നടത്തുന്നവരെയും ശിക്ഷിക്കാനാണെന്നും കോടതി വ്യക്തമാക്കി. വേശ്യാവ്യത്തിയിൽ ഇടപെടുന്നവർക്ക് ശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമത്തിലെ 7, 8 വകുപ്പുകൾ സംബന്ധിച്ചും കോടതി വ്യക്തതവരുത്തി. പൊതുസ്ഥലങ്ങളിൽ വേശ്യവൃത്യയിൽ ഏർപ്പെടുന്നതും പൊതുസ്ഥലങ്ങളിൽ വെച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതുമാണ് കുറ്റകരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം 'വേശ്യാലയം' എന്നതിന്റെ നിർവചനത്തിലും കോടതി വ്യക്തത വരുത്തി. ഒരു സ്ത്രീ സ്വന്തം ഉപജീവനത്തിനായി മറ്റാരുടെയും സഹായമില്ലാതെ വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ഥലം മാത്രം 'വേശ്യാലയം' ആയി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.